കൊച്ചി: സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പതിമൂന്നുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയ ഉത്തരവിലാണ് പരാമര്‍ശം. പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. സമാനമായ മറ്റൊരു കേസില്‍ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസും നിര്‍ദേശിച്ചിരുന്നു.
അശ്ലീലദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നീലച്ചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ട്. അടുത്തബന്ധുക്കളാണ് പല കേസിലും പ്രതികളാകുന്നതെന്നും കോടതി വിശദമാക്കി.