സ്ഥാനാർഥി പട്ടികയെചൊല്ലി മുസ്ലിം ലീഗിൽ അതൃപ്തി തുടരുന്നു. അബ്ദുറഹ്മാൻ രണ്ടത്താണിയും വനിതാ ലീഗ് നേതാവ് നൂർബിനാ റഷീദുമാണ് വിയോജിപ്പ് പരസ്യമാക്കിയത്. ആരും പാർട്ടി വിടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
മികച്ച പട്ടികയെന്ന് മുസ്ലിം ലീഗ് അവകാശപ്പെടുമ്പോഴാണ് പരസ്യ പ്രതിഷേധം. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്നും തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർഥിത്വം തങ്ങന്മാരെ കരുവാക്കിയെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കമ്മിറ്റി പോലും ആവശ്യപ്പെടാത്ത പിഎംഎ സമീറിനെ പരിഗണിച്ചത് അർഹരായവരെ തഴഞ്ഞെന്ന് രണ്ടത്താണി. മുസ്ലിം ലീഗിലെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ്.
എല്ലാവരെയും ചേർത്തുനിർത്തുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വിവാദങ്ങളിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിവാദങ്ങൾക്ക് മറുപടി പറയേണ്ടത് നേതൃത്വമെന്നും എല്ലാവരേയും പരിഗണിച്ചുള്ള പട്ടികയെന്നും തങ്ങൾ പറഞ്ഞു.




