പാരീസ്: അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം രൂക്ഷമാകുന്നു.
പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്തുടനീളം 400ഓളം സ്കൂളുകൾ അടച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദീർഘമായ ക്ലാസ് സമയക്രമം, അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ തിരക്ക്, പഴകിയ കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
പാരീസ്, മാർസെയിൽ, സ്ട്രാസ്ബർഗ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. ചിലയിടങ്ങളിൽ സ്കൂളുകൾക്ക് തീയിടുകയും ബസ് സ്റ്റോപ്പുകളും ട്രാമുകളും തകർക്കുകയും ചെയ്തു. നൂറിലേറെ സ്കൂളുകൾക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 15നും 18നും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച മാത്രം 1,949 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘർഷങ്ങളിൽ സ്കൂൾ ജീവനക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഫ്രാൻസിലെ 3,700 ഹയർസെക്കൻഡറി സ്കൂളുകളിൽ 1,027 എണ്ണത്തെ പ്രതിഷേധം ബാധിച്ചതായും 222 സ്കൂളുകൾ പൂർണമായും ഉപരോധിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പ്രക്ഷോഭത്തിന് തീവ്ര ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയുണ്ടെന്ന് സർക്കാർ ആരോപിച്ചെങ്കിലും പ്രതിപക്ഷം ആരോപണം നിഷേധിച്ചു. സ്കൂളുകൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ജസ്റ്റിസ് മന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികൾ ഗുരുതരമായതോടെ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.




