കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ഇക്വഡോറിലെ ഇന്റലിജൻസ് മേധാവിയും ഭാര്യയും അഞ്ച് അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മധ്യ കെനിയയിലെ സാംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിലാണ് അപകടം നടന്നത്.
തലസ്ഥാനമായ നയ്‌റോബിക്ക് വടക്കുള്ള സാംബുരു കൗണ്ടിയിൽ ബുധനാഴ്ച രാവിലെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അപകടവിവരം സ്ഥിരീകരിച്ചത്.
ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്ന് യാത്ര തിരിച്ച ഹെലികോപ്റ്ററിൽ ഒരു പൈലറ്റും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫ്രെഡറിക് കബുംഗെ അറിയിച്ചു.
അപകടത്തിൽ അഞ്ച് അമേരിക്കൻ പൗരന്മാർ മരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവും സ്ഥിരീകരിച്ചു. എന്നാൽ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിനോദസഞ്ചാരികളെ കാഴ്ചകൾ കാണിക്കുന്നതിനായുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് അധികൃതരുടെ വിശദീകരണം.
അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ കെനിയൻ റെഡ് ക്രോസ് പുറത്തുവിട്ടു. ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായെന്നും റെഡ് ക്രോസ് അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിലുള്ള ഒലോലോക്വെ പർവതം വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണ്. ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.




