മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവര്‍ഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്. പമ്പയില്‍ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയില്‍ കുട്ടികള്‍ക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവര്‍ഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്യൂവില്ലാതെ കുട്ടികള്‍ക്ക് അയ്യപ്പദര്‍ശനം സാധ്യമാക്കാന്‍ കുട്ടി ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഈ സംവിധാനം വിപുലപ്പെടുത്തും. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ ഈ സംവിധാനത്തെ നിര്‍ദ്ദേശാനുസരണം ഉപയോഗപ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
15 ലക്ഷം തീഥാടകരെയാണ് കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് ഇക്കുറി അധികമായി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലയ്ക്കല്‍ മുതല്‍ സോപാനം വരെ തീര്‍ഥാടകര്‍ക്കായി ഇത്തവണ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും അധികമായി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ആരംഭിച്ചു.
പമ്പയില്‍ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ മൂന്ന് നടപ്പന്തലുകള്‍, സ്ത്രീകള്‍ക്കായി വിശ്രമ കേന്ദ്രം എന്നിവ നിര്‍മ്മിച്ചു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. വെര്‍ച്വല്‍ ക്യൂ ഫലപ്രദമായി നടപ്പിലാക്കാനായതോടെ എല്ലാ ദിവസവും ഒരു പോലെ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് എത്താനായെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ മുഖ്യ പ്രസാദമായ അരവണ, ഉണ്ണിയപ്പം എന്നിവ അനിയന്ത്രിതമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായി മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. 25 ലക്ഷം ടിന്നുകള്‍ ഇപ്പോഴും സ്റ്റോക്കുണ്ടെന്നും ദിവസവും മൂന്നര ലക്ഷം അരവണ ടിന്നുകളുടെ വില്പന നടന്നു വരുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.