കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ അധ്യാപകന് തിരിച്ചടി. ഡോ. എം.കെ റാമിന് മുൻകൂർ ജാമ്യം അനുവദിക്കാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിസമ്മതിച്ചു. അതേസമയം, കേസിലെ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
ജാതി അധിക്ഷേപം എന്ന വകുപ്പിൽ നിന്ന് ഒഴിവാകാൻ ഒന്നാം പ്രതി ഡോ. എം.കെ റാം താനും പട്ടികജാതിക്കാരനാണെന്ന രേഖ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. നിതിൻ രാജിനെ അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന സഹപാഠികളുടെ മൊഴിയും, മരണത്തിന് മുൻപ് നിതിൻ അയച്ച ശബ്ദസന്ദേശങ്ങളും കേസിൽ നിർണ്ണായകമായി.
വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാതി അധിക്ഷേപവും വിവേചനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് പോലീസ് അന്വേഷണസംഘം.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒന്നാം പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കോളേജുകളിലെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കണ്ണൂരിൽ ഉയർന്നത്.




