കാസർഗോഡ് ജില്ലയിൽ നിയമം ലംഘിച്ച് ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ ഉസ്താദും പള്ളിക്കമ്മിറ്റി സെക്രട്ടറിയും ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ പതിനാറുകാരിയെയാണ് പടന്ന പഞ്ചായത്തിലെ ഇരുപത്തിയെട്ടുകാരനായ പ്രവാസിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പോലീസാണ് നടപടി സ്വീകരിച്ചത്.
അഴീക്കൽ ജുമാമസ്ജിദിൽ ഏപ്രിൽ 13-നാണ് വിവാഹ ചടങ്ങുകൾ നടന്നത്. വരനായ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും പള്ളിക്കമ്മിറ്റി സെക്രട്ടറിയുമായ പി.കെ താജുദ്ദീൻ, വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തന്റെ മഹല്ലിൽ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് അവിടെയുള്ള കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് വരന്റെ മഹല്ലായ അഴീക്കൽ ജുമാമസ്ജിദിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്. പള്ളിക്കമ്മിറ്റി സെക്രട്ടറി ഇതിന് ഒത്താശ ചെയ്തുകൊടുത്തു എന്ന പരാതി നാട്ടുകാരാണ് കാസർഗോഡ് ചൈൽഡ് ലൈനിൽ അറിയിച്ചത്.
ജില്ലാ ശിശുക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹം നടത്തിയവർക്കെതിരെയും ഇതിന് കൂട്ടുനിന്നവർക്കെതിരെയും കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വ്യക്തമാക്കി.




