തൃശൂർ മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്, വെണ്ണൂർ സ്വദേശിനി മിൽന എന്നിവരെയാണ് ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിൽനയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് ദാരുണമായ വാർത്ത പുറത്തുവരുന്നത്.
മാളയെ നടുക്കിയ മരണവാർത്ത പുറത്തുവരുന്നത് ഇന്ന് പുലർച്ചയോടെയാണ്. മുപ്പതുകാരനായ ശ്രീജിത്തും ഇരുപത്തിനാലുകാരിയായ മിൽനയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് ഇരുവരെയും ഒരേ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ശ്രീജിത്ത് ഇതിനോടകം രണ്ടുതവണ വിവാഹിതനായ വ്യക്തിയാണ്. ഇയാളുടെ നിലവിലെ ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് മിൽനയുമായി ശ്രീജിത്ത് ഒളിച്ചോടിയത്.
മിൽനയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം മിൽനയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




