ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നിലപാടിനെതിരെ ശക്തമായ കടന്നാക്രമണത്തിന് പ്രധാനമന്ത്രി മുതിരുമെന്നാണ് സൂചന.
വനിതാ സംവരണ ബില്ലിന്റെ ഭാവി എന്ത് എന്ന ചോദ്യം രാജ്യത്ത് ഉയരുന്നതിനിടെയാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഇന്നലെ ലോക്‌സഭയിൽ ബില്ല് വീണിരുന്നു. ആകെ വോട്ട് ചെയ്ത 528 പേരിൽ 298 പേർ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേർ എതിർത്തു. വെറും 54 വോട്ടുകളുടെ കുറവിലാണ് മോദി സർക്കാരിന്റെ നിർണ്ണായക നീക്കം പരാജയപ്പെട്ടത്.
മണ്ഡല പുനർനിർണ്ണയവുമായി ബില്ലിനെ ബന്ധിപ്പിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ, പ്രതിപക്ഷം സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങളിലെത്തിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. വരാനിരിക്കുന്ന ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഈ വിഷയം മുഖ്യ ചർച്ചയാക്കാൻ പ്രധാനമന്ത്രി ഇന്ന് ആഹ്വാനം ചെയ്തേക്കും.
അതേസമയം, ഏപ്രിൽ 17 എൻഡിഎക്ക് ‘കറുത്ത ദിനമെന്ന്’ പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്നും, നിലവിലെ 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നുമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിന്റെ ആവശ്യം.




