ആം ആദ്മി പാർട്ടിക്കുള്ളിലെ വിഭാഗീയത പുതിയ തലത്തിലേക്ക്. രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എം.പി രാഘവ് ചദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് എത്രയും വേഗം ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ വേണ്ടത്ര ശബ്ദമുയർത്തുന്നില്ലെന്നും ‘സോഫ്റ്റ് പി.ആർ’ തന്ത്രങ്ങളാണ് സ്വീകരിക്കുന്നതെന്നുമാരോപിച്ച് ഏപ്രിൽ രണ്ടിന് രാഘവിനെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷയും എടുത്തുമാറ്റുന്നത്. രാഘവ് ചദ്ദ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമായതോടെ, അദ്ദേഹത്തെ എ.എ.പി ക്വാട്ടയിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റിന് പാർട്ടി കത്തുനൽകിയിട്ടുണ്ട്.
പാർട്ടി നടപടികൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് രാഘവ് ചദ്ദ നടത്തിയത്. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചേക്കാം, പക്ഷേ താൻ പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനങ്ങളുടെ ശബ്ദമുയർത്താനാണ് താൻ പാർലമെന്റിൽ പോയതെന്നും അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2022-ൽ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായി എത്തിയ ചദ്ദ, പഞ്ചാബിലെ പാർട്ടിയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. എന്നാൽ പാർട്ടി നിലപാടുകൾ ലംഘിക്കുന്നു എന്ന വിമർശനമാണ് നിലവിൽ ഉയർന്നുവരുന്നത്. ചദ്ദയ്ക്ക് പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി പാർട്ടി നിശ്ചയിച്ചതോടെ എ.എ.പിയിൽ രാഘവ് ചദ്ദ യുഗം അവസാനിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.




