പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോയി! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. വാഗമണ്ണിലെ ‘വനവാസം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ റിസോർട്ട് വി.ഡി. സതീശൻ ഇന്ന് ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സതീശന്റെ പഴയ പ്രസ്താവനയും റിസോർട്ടിന്റെ പേരും ചേർത്ത് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് ഈ കൗതുകകരമായ ഉദ്ഘാടനം നടന്നത്.
വാഗമണ്ണിലെ മനോഹരമായ കുന്നിൻചരിവിൽ ഇന്ന് രാവിലെയായിരുന്നു ‘വനവാസം’ റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ വനം മന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരി പുത്രൻ അശ്വിന്റേതാണ് ഈ റിസോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശൻ മുൻപ് പറഞ്ഞിരുന്നു. ഈ വാചകം മുൻനിർത്തിയാണ് സതീശൻ ‘വനവാസം’ ഉദ്ഘാടനം ചെയ്യുന്നത് വലിയ വാർത്തയായതും ട്രോളുകൾക്ക് വഴിവെച്ചതും.
‘പ്രിയ നേതാവിന് സ്വാഗതം’ എന്ന ഫ്ലക്സുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമാണ് റിസോർട്ട് അധികൃതർ സതീശനെ വരവേറ്റത്. തന്റെ വാക്കുകളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത് വി.ഡി. സതീശൻ ഉദ്ഘാടനത്തിനെത്തിയത് പ്രവർത്തകർക്കും ആവേശമായി.
തിരഞ്ഞെടുപ്പിന് ശേഷം കുടുംബത്തോടൊപ്പം പരുന്തുംപാറയിൽ നടത്തിയ യാത്രയുടെ വീഡിയോ ‘വനത്തിലല്ല, വനവാസത്തിലാണ്’ എന്ന പേരിൽ സതീശൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഭാര്യ ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ, സുഹൃത്ത് രഞ്ജിത്ത് തമ്പി എന്നിവർക്കൊപ്പം നടത്തിയ ആ യാത്രയുടെ വീഡിയോ അന്ന് ഏറെ വൈറലായിരുന്നു.
റിസോർട്ട് ഉദ്ഘാടനത്തിന് ശേഷം പ്രദേശത്ത് ട്രക്കിങ് നടത്താനും പ്രതിപക്ഷ നേതാവിന് പദ്ധതിയുണ്ടെന്നാണ് വിവരം. സതീശന്റെ പഴയ പ്രസ്താവനയെ ഓർമ്മിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഈ ‘വനവാസം’ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.




