തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ. എൻ ബാലഗോപാൽ. ഇവർ നിയമസഭയിൽ ചെന്നാലും അടി ആയിരിക്കും എന്നാണ് സംശയമെന്നും അവർ പരസ്പരം തോൽപ്പിക്കാൻ നിൽക്കുകയാണെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു.
കോൺഗ്രസിൽ വലിയ കലാപങ്ങൾ നടക്കുന്നതായാണ് വാർത്തയിൽ കാണുന്നത്. നാട്ടുകാർ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്നും സ്വന്തം സ്ഥാനം പിടിക്കാൻ മാത്രമുള്ള രാഷ്ട്രീയമായി കോൺഗ്രസിന്റെ രാഷ്ട്രീയം മാറിയെന്നും കെ. എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തിൽനിന്നും എൽഡിഎഫിനായി ഇത്തവണയും കെ. എൻ ബാലഗോപാൽ മത്സരരംഗത്തുണ്ട്. സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിയാണ് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി.
അതേസമയം കോൺഗ്രസ് രണ്ടം ഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിന് പിന്നാലെ പാർട്ടിയോട് ഇടഞ്ഞ മുതിർന്ന നേതാവ് കെ. സുധാകരനുമുന്നിൽ ഹൈക്കമാൻഡ് കീഴടങ്ങി. കണ്ണൂരിൽനിന്നും കെ സുധാകരൻ ജനവിധിതേടും.




