കേരള പൊലീസിൽ വൻ അഴിച്ചുപണി; സിഐ ഭരണം മാറുന്നു, സ്റ്റേഷനുകളിൽ ഇനി എസ്ഐമാർ രാജാവ്!

സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി പുതിയ സർക്കാർ. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ (SHO) സംവിധാനം പൂർണ്ണമായും ഉടച്ചുവാർക്കും. സ്റ്റേഷൻ ഭരണം വീണ്ടും എസ്.ഐമാർക്ക് കൈമാറാനാണ് പുതിയ തീരുമാനം. പകരം പഴയ സർക്കിൾ ഇൻസ്പെക്ടർ സംവിധാനം തിരികെ കൊണ്ടുവരും. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി കഴിഞ്ഞു.

പിണറായി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വലിയ പരിഷ്കാരങ്ങളിലൊന്നായിരുന്നു പൊലീസ് സ്റ്റേഷനുകളുടെ ഭരണം സർക്കിൾ ഇൻസ്പെക്ടർമാർക്ക് (CI) നൽകുക എന്നത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ ആഭ്യന്തര വകുപ്പിൽ വൻ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇനി മുതൽ പ്രധാന സ്റ്റേഷനുകൾ ഒഴികെ ബാക്കിയെല്ലാടത്തും എസ്.ഐമാരാകും സ്റ്റേഷൻ ഭരണം നിയന്ത്രിക്കുക.

പുതിയ പൊലീസ് പരിഷ്കാരം:

  • പ്രതിവർഷം 3000-ൽ അധികം എഫ്.ഐ.ആർ ഉള്ള വലിയ സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ ആയി തുടരും.
  • ബി, സി ക്ലാസ് സ്റ്റേഷനുകളിൽ (ആയിരത്തിൽ താഴെ എഫ്.ഐ.ആർ വരുന്നവ) ഭരണം പൂർണ്ണമായും എസ്.ഐമാർക്ക്.
  • പ്രധാന സ്റ്റേഷനുകൾ ഒഴികെ, രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ സർക്കിൾ സംവിധാനം തിരികെ വരും.

നേരത്തെ സംസ്ഥാനത്തെ 480 സ്റ്റേഷനുകളിലായിരുന്നു സി.ഐമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചിരുന്നത്. പുതിയ മാറ്റത്തോടെ ഇവിടെയുള്ള ഭൂരിഭാഗം സി.ഐമാർക്കും സ്ഥലംമാറ്റമുണ്ടാകും. ഇങ്ങനെയുള്ള സി.ഐമാരെ കേസുകൾ വർദ്ധിച്ചുവരുന്ന സൈബർ, പോക്സോ ഡിവിഷനുകളിലേക്ക് നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ഇതുസംബന്ധിച്ച് ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സമർപ്പിക്കും. പുതിയ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയായിരിക്കും ഈ വൻ പരിഷ്കാരം നടപ്പിലാക്കുക.

പോലീസ് സ്റ്റേഷൻ ഭരണത്തിലെ മാറ്റത്തിന് പുറമെ സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രചാരണത്തിന് പുതിയ കർശന പദ്ധതികൾ നടപ്പാക്കാനും ഡിജിപിയുടെ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഇതിനായി 20 കർമ്മ പദ്ധതികളാണ് പോലീസ് ആലോചിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് സൂചന.

ഭരണപരമായ സൗകര്യവും കേസുകളുടെ എണ്ണവും പരിഗണിച്ചാണ് ഈ മാറ്റമെങ്കിലും, താഴേത്തട്ടിൽ പോലീസിങ്ങിന്റെ വേഗത വർദ്ധിപ്പിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

spot_img

Related news

28-ാം വയസിലെ മന്ത്രിപ്പട്ടം മുതൽ 2026-ലെ നിയമസഭ വരെ; വിജയഗാഥ തുടർന്ന് ചെന്നിത്തല

കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം, കോൺഗ്രസിന്റെ കാവൽഭടനിലേക്ക് വളർന്ന ചരിത്രമാണ് രമേശ്...

​പുതുയുഗത്തിലേക്ക് കേരളം; വി.ഡി സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം 20 അംഗ മന്ത്രിസഭയും!

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ...

പേരാമ്പ്രയിലെ കാർ അപകടത്തിൽ വൻ ദുരൂഹത; ഗർഭിണിയായ സോനയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം!

കോഴിക്കോട് പേരാമ്പ്രയിൽ ഓടുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി പൊള്ളലേറ്റ്...

സതീശൻ മന്ത്രിസഭ നാളെ അധികാരത്തിലേക്ക്; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം

കേരളത്തിൽ വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ, ചടങ്ങിന്റെ...