പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി മധുവിന്റെ കുടുംബം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരി സരസു വ്യക്തമാക്കി. സുപ്രീംകോടതിയിലെ നിയമനടപടികൾക്കായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ നിയമസഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം അറിയിച്ചു.
നിയമസഹായം നേരിട്ട് അഭ്യർത്ഥിക്കുന്നതിനായി മധുവിന്റെ അമ്മയും സഹോദരിയും അടുത്താഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വർദ്ധിപ്പിച്ചതിൽ ആശ്വാസമുണ്ടെങ്കിലും കേസിൽ നിന്നും ഒഴിവാക്കപ്പെട്ട മറ്റ് മൂന്ന് പേർക്കും ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് കുടുംബത്തിന്റെ ലക്ഷ്യം. കേസുമായി മുന്നോട്ട് പോകാതിരിക്കാൻ തങ്ങൾക്ക് മേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് മധുവിന്റെ സഹോദരി സരസു മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസിലെ ആകെ 16 പ്രതികളിൽ ഒന്നാം പ്രതി ഹുസൈൻ, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇതിനെതിരെയാണ് കുടുംബം ഇപ്പോൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
നേരത്തെ വിചാരണക്കോടതി വിധിച്ച ശിക്ഷ പോരെന്നും പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും നൽകിയ അപ്പീലിലാണ് ഹൈക്കോടതി 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് നിലവിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുള്ളത്.




