കോതമംഗലം എം.എ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മിർച്ചി മാർപ്പു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ. കോളേജ് ഗേറ്റിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥികളെ ഗേറ്റിന് പുറത്താണ് നിർത്തിയിരിക്കുന്നത്. ഇതിനിടെ കോളേജ് മാനേജ്മെന്റ് സെക്രട്ടറി വാന്നി വർഗീസിന്റെ വാഹനം വിദ്യാർത്ഥികൾ തടഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിച്ചതായി മാനേജ്മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നെങ്കിലും, പ്രിൻസിപ്പലിന്റെയോ മാനേജ്മെന്റിന്റെയോ സീൽ ഇല്ലാത്ത സർക്കുലറാണ് നൽകിയതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഔദ്യോഗികമായി ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. മിർച്ചി മാർപ്പുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കുന്നവരെ മാറ്റിനിർത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. എന്നാൽ പ്രതിനിധികളായി ചർച്ചയ്ക്ക് പോകില്ലെന്നും മുഴുവൻ വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്ത് മാനേജ്മെന്റ് കാര്യങ്ങൾ വിശദീകരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. മാധ്യമങ്ങൾക്ക് മുന്നിൽ മാനേജ്മെന്റ് മാപ്പ് പറയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
മിർച്ചി മാർപ്പുവിന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് സഹപാഠികൾ ഉന്നയിക്കുന്നത്. ഇയർ ബാക്ക് ഭയന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. കഴിഞ്ഞ ഒരു മാസത്തോളം വിദ്യാർത്ഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അറ്റൻഡൻസ് ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നുവെന്നും സഹപാഠികൾ ആരോപിച്ചു.
അരുണാചൽ പ്രദേശ് സ്വദേശിയായ മിർച്ചി മാർപ്പു രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ചയാണ് വിദ്യാർത്ഥിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാർത്ഥികളുടെ ആരോപണങ്ങളിൽ കോളേജ് മാനേജ്മെന്റിന്റെ വിശദീകരണം നിർണായകമാകും.




