സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി പൊലീസും എക്‌സൈസും യോജിച്ച് പ്രവര്‍ത്തിക്കും.
ലഹരിവ്യാപനം തടയാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. സമിതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ മാസത്തില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ലഹരി ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ സമയമെടുത്തുള്ള പദ്ധതികള്‍ വേണമെന്ന് ലഹരി വിരുദ്ധ നടപടി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ മന്ത്രിമാരും പൊലീസ് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊലീസിന്റെ ഓപ്പറേഷന്‍ ഡീഹണ്ട്, എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റ് തുടങ്ങിയ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. എക്‌സൈസ് പോലീസ് വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തുന്നതിനുള്ള പദ്ധതികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു.