കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അക്രമാസക്തമായി. സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബസിന്റെ ചില്ല് അടിച്ചുതകർത്തു. സംഭവത്തിൽ കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന രണ്ട് ബസുകൾ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 7.15-ഓടെയാണ് പാളയം സ്റ്റാൻഡിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ‘അസാറോ’, ‘മാധവം’ എന്നീ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. നേരത്തെ ചാത്തമംഗലത്ത് വെച്ച് സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പാളയം സ്റ്റാൻഡിൽ വെച്ച് അതിക്രമമുണ്ടായത്.
അസാറോ ബസിലെ ജീവനക്കാരൻ മാധവം ബസിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു എന്നാണ് പരാതി. ബസ് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയുണ്ടായ അതിക്രമം യാത്രക്കാരെയും മറ്റു ജീവനക്കാരെയും ഒരുപോലെ പരിഭ്രാന്തരാക്കി.
സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബസ് ജീവനക്കാർ തമ്മിലുള്ള മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള തർക്കവും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.




