മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിന്റെ പ്രഖ്യാപനം വിവാദമാകുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജിയുടെ ഓഫർ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി ജലീൽ ആരോപിച്ചു. സംഭവത്തിൽ വരണാധികാരി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പ്രഖ്യാപനം ഇങ്ങനെ:
തവനൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ചാണ് സി.പി ബാവ ഹാജി വിദേശയാത്ര വാഗ്ദാനം ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥി വി.എസ് ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കുമാണ് 15 ദിവസത്തെ സൗജന്യ ഗൾഫ് യാത്ര ഓഫർ ചെയ്തത്. “ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന ബൂത്തിനായിരിക്കും വിദേശ യാത്ര സ്പോൺസർ ചെയ്യുക. ഇനി തമാശയും കളിയൊന്നുമില്ല, വോട്ട് ചെയ്യലും ചെയ്യിക്കലും മാത്രമാണ് ലക്ഷ്യം” എന്നായിരുന്നു ബാവ ഹാജിയുടെ വാക്കുകൾ.
കെ.ടി ജലീലിന്റെ പ്രതികരണം:
മുസ്ലിം ലീഗ് നേതാവിന്റെ വാഗ്ദാനം ജനാധിപത്യ വിരുദ്ധവും പൊള്ളയായ വാഗ്ദാനവുമാണെന്ന് കെ.ടി ജലീൽ പരിഹസിച്ചു. “അടച്ചിട്ട മുറിയിലല്ല, പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ 15 വർഷവും താൻ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, ആ സേവനം തുടരുമെന്നതാണ് തന്റെ ഓഫർ,” ജലീൽ വ്യക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തവനൂരിൽ സ്ഥാനാർത്ഥിയാകാൻ പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സി.പി ബാവ ഹാജി. വി.എസ് ജോയിക്കായി മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് വിവാദമായ ‘വിദേശയാത്ര’ ഓഫർ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് സാധ്യത.




