കരുവാരകുണ്ട് തുവ്വൂർ തണ്ടുങ്ങലിൽ കനത്ത മഴയിൽ ഇരുമ്പു നടപ്പാലം തകർന്നു. ഒലിപ്പുഴയിൽ കുത്തൊഴുക്ക് വർധിച്ചാണ് പാലം തകർന്നത്. ഇതോടെ തണ്ടുങ്ങൽ, ചിറയക്കോട്, അക്കരപ്പുറം ഭാഗങ്ങളിലെ വിദ്യാർഥികളടക്കം കുടുംബങ്ങൾ പുഴ കടക്കാനാകാതെ ദുരിതത്തിലായി. ഞായറാഴ്ച രാത്രിയോടെ മണിക്കൂറുകൾ നീണ്ട കനത്ത മഴയുണ്ടായി. ഒരു ഭാഗത്തെ പാറയിൽ സ്ഥാപിച്ച പാലത്തിന്റെ ഒരറ്റം പുഴയിലേക്കു മറിഞ്ഞു. ഇതോടെ പാലം നടുവൊടിഞ്ഞു പുഴയിലേക്കു പതിക്കുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന ഇരുമ്പുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നിർമിച്ചതാണ് ഇപ്പോൾ തകർന്ന നടപ്പാലം. തണ്ടുങ്ങൽ ഭാഗത്തുനിന്ന് അക്കരപ്പുറത്ത് സ്കൂളിലേക്കും മറ്റും പോകുന്നതിന് വിദ്യാർഥികൾ ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. തുവ്വൂരിലേക്ക് പോകാനും നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു നടപ്പാലം. പാലം തകർന്നതോടെ രക്ഷിതാക്കളും നാട്ടുകാരും ചിറയുടെ കെട്ടിലൂടെയാണ് കുട്ടികളെ പുഴ കടത്തിയത്.