കേരളം കാത്തിരുന്ന ജനവിധിയുടെ ചിത്രം വ്യക്തമാകുന്നു. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. 140 മണ്ഡലങ്ങളിൽ 96 ഇടത്തും യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. മുസ്ലിം ലീഗ് കരുത്ത് കാട്ടുന്ന കാഴ്ചയാണ് മലപ്പുറത്തും പരിസര മണ്ഡലങ്ങളിലും കാണുന്നത്. വമ്പൻ അട്ടിമറികളിലൂടെ ഇടതുകോട്ടകൾ ഓരോന്നായി യുഡിഎഫ് പിടിച്ചെടുക്കുകയാണ്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം യുഡിഎഫ് 96 സീറ്റുകളിലും എൽഡിഎഫ് 43 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എൻഡിഎ ഒരു സീറ്റിൽ മുന്നിലുണ്ട്.
ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് പേരാമ്പ്രയിലാണ്. ഇടത് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ്. ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിൽ പാർട്ടി സമഗ്രാധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. മത്സരിച്ച 23 മണ്ഡലങ്ങളിലും ലീഗ് സ്ഥാനാർത്ഥികൾ മുന്നേറുകയാണ്. തുടക്കത്തിൽ പിന്നിലായിരുന്ന കൊണ്ടോട്ടിയിലും ലീഗ് നില മെച്ചപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് ഏഴാം റൗണ്ട് പിന്നിടുമ്പോൾ 1536 വോട്ടുകൾക്ക് മുന്നിലാണെങ്കിലും മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയഭീതിയിലാണ്. എൽഡിഎഫിന്റെ പ്രമുഖ കക്ഷികളായ സിപിഐഎമ്മിന് 30 സീറ്റിലും സിപിഐക്ക് 10 സീറ്റിലും മാത്രമാണ് നിലവിൽ ലീഡ് ഉള്ളത്. അതേസമയം യുഡിഎഫിൽ കോൺഗ്രസ് 58 സീറ്റുകളിലും ലീഗ് 23 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം 7 സീറ്റിലും ലീഡ് ചെയ്യുന്നു. എൽഡിഎഫിനൊപ്പം പോയ മാണി ഗ്രൂപ്പിന് ഒരു സീറ്റിൽ മാത്രമാണ് നിലവിൽ മുന്നേറ്റം നടത്താനായത്.
കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന ഫലങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഭരണതുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾക്ക് യുഡിഎഫ് തടയിടുമോ അതോ അവസാന നിമിഷം ചിത്രം മാറുമോ എന്ന് വരും മണിക്കൂറുകളിൽ അറിയാം.




