ചാലിയാർ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന തരത്തിൽ നടന്ന അനധികൃത സ്വർണ്ണഖനനം നിലമ്പൂർ പോലീസ് തടഞ്ഞു. മമ്പാട്, എടവണ്ണ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ നടന്ന ഖനന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് മോട്ടോറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു. പുഴയുടെ മമ്പാട് ടൗൺ കടവ്, ക്വാറിക്കടവ് എന്നിവിടങ്ങളിൽ ആഴത്തിൽ കുഴിയെടുത്താണ് ഖനനം നടത്തിയിരുന്നത്. ഉയർന്ന പ്രവർത്തനശേഷിയുള്ള ആറ് മോട്ടോറുകൾ, കൈക്കോട്ടുകൾ, പിക്കാസുകൾ, മണൽ വാരാൻ ഉപയോഗിക്കുന്ന കൊട്ടകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വർണ്ണവില ഉയർന്നതോടെ ചാലിയാറിൽ ഖനനപ്രവർത്തനങ്ങൾ വ്യാപകമായതായാണ് വിവരം. പുഴയിൽ ആഴത്തിലുള്ള കുഴികളെടുക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. സംഭവത്തിൽ അനധികൃത ഖനനത്തിന് പോലീസ് കേസെടുത്തു. സി.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.




