ന്യൂഡൽഹി: മരുന്നുകൾക്ക് 60 ശതമാനം മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെ ഡൽഹി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്നതോ യാഥാർഥ്യമല്ലാത്തതോ ആയ ഇത്തരം ഓഫറുകൾ ഒഴിവാക്കണമെന്ന് ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും നിർദേശം.
എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വിൽക്കുന്നതിന് വിലക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കി. എന്നാൽ യഥാർഥ ഡിസ്കൗണ്ട് നിരക്കിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തമായ പരസ്യങ്ങൾ അനുവദിക്കില്ല. ഡൽഹിയിലെ എല്ലാ ലൈസൻസുള്ള ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
പ്രിസ്ക്രിപ്ഷനില്ലാത്ത മരുന്നുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങളും ഒഴിവാക്കണം. മരുന്നുകൾ സാധാരണ ഉപഭോക്തൃവസ്തുക്കളല്ലെന്നും രോഗികളുടെ ആരോഗ്യത്തോടും ക്ഷേമത്തോടും നേരിട്ട് ബന്ധപ്പെട്ട അവശ്യ ഉൽപ്പന്നങ്ങളാണെന്നും വകുപ്പ് വ്യക്തമാക്കി. അതിനാൽ മരുന്നുകളുടെ വാങ്ങൽ, വിൽപ്പന, വിതരണം എന്നിവയിൽ കൂടുതൽ ഉത്തരവാദിത്വവും സുതാര്യതയും വേണമെന്നും നിർദേശിച്ചു.
ഡിസ്കൗണ്ട് നൽകുന്നതും അത് പരസ്യപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസവും അഡ്വൈസറിയിൽ വ്യക്തമാക്കുന്നുണ്ട്. എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വിൽക്കാമെങ്കിലും പരസ്യമായി പ്രഖ്യാപിക്കുന്ന ഇളവ് യഥാർഥവും പരിശോധിക്കാവുന്നതുമായിരിക്കണം.
2026 ജൂൺ 19ലെ കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡൽഹി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾക്കെതിരായ നിയന്ത്രണം ശരിവെച്ച ഹൈക്കോടതി, എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വിൽക്കുന്നതിന് വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
‘80 ശതമാനം വരെ ഡിസ്കൗണ്ട്’ പോലുള്ള പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷം യഥാർഥത്തിൽ കുറഞ്ഞ ഇളവോ എംആർപിയോ ഈടാക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ ലൈസൻസിങ് അതോറിറ്റിക്ക് അധികാരമുണ്ടെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.




