പെരിന്തല്‍മണ്ണ
കഴുത്തിന് വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഗൂഡല്ലൂര്‍ സ്വദേശിയായ യുവതിയെ വീട്ടുടമസ്ഥന്റെ നേതൃത്വത്തില്‍ ആശുപത്രിയിലാക്കി. പാതായ്ക്കര മനപ്പടിയില്‍ താമസിക്കുന്ന ചിദംബരം വീട്ടില്‍ ജയചന്ദ്രന്റെ ഭാര്യ വിനോദയെ (36) ആണ് ഗുരുതരമായ പരുക്കുകളോടെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് ജയചന്ദ്രന്‍ ഒളിവിലാണ്. ഗൂഡല്ലൂര്‍ സ്വദേശികളായ ഇവര്‍ രണ്ട് മാസത്തോളമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവരും പാതായ്ക്കരയിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മുറിക്കകത്തുനിന്ന് ജനല്‍ച്ചില്ലില്‍ തട്ടുന്ന ശബ്ദവും കരച്ചിലും കേട്ടാണ് വീട്ടുടമസ്ഥനും സമീപത്ത് താമസിക്കുന്നവരും എത്തിയത്. മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ജനല്‍ ച്ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടത്. ഉടന്‍ തന്നെ വാതില്‍ തുറന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. രണ്ടു കൈക്കും പരുക്കുണ്ട്. ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പെരിന്തല്‍മണ്ണ സിഐ എ.പ്രേംജിത്ത് അറിയിച്ചു.