ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര സ്വദേശി അനന്തു (18) ആണ് പിടിയിലായത്.
രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു.
മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും പ്രതി നേരത്തെ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട സമയത്ത് ഇയാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാവേലിക്കര സി.ഐയുടെ ചുമതലയുള്ള ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.




