സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീമുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. മെർക്കുറിയുടെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താൻ നിർമിത ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇവയുടെ വിൽപ്പന നിരോധിക്കണമെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, വൃക്കരോഗത്തിന് കാരണമായ എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായി കാസർകോട്ടെ വിവിധ മേഖലകളിൽ പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ക്രീമിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
എഫ് ട്യൂൺ ഫെയ്സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് മെർക്കുറിയുടെ അമിത സാന്നിധ്യം മൂലം മെമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായാണ് കണ്ടെത്തൽ. ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയാണിത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗകാരണം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്ക് പിന്നാലെ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18,000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകളും മലപ്പുറം തിരൂരിൽ 80,000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ബില്ല് വാങ്ങണമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പർച്ചേസ് ബില്ലില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ വ്യാപാരികൾക്കും അനുമതിയില്ല.
അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ എഫ് ട്യൂൺ ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായതായും പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകൾ ലഭ്യമല്ലാതായതായും റിപ്പോർട്ടുകളുണ്ട്. വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.




