പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്തതിന് പിന്നാലെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കൂച്ച് ബിഹാർ ജില്ലയിലെ ഖതാമാരി ഗ്രാമത്തിലാണ് സംഭവം. അബ്ദുൾ ഹബീബിന്റെയും ആമിന ഖാതുന്റെയും മകൾക്കാണ് ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തത്.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയായ എസ്.ഐ.ആറിനിടെ ഹബീബിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതാണ് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. പഞ്ചായത്ത് അധികൃതരെയും എം.എൽ.എയുടെ ഓഫീസിനെയും സമീപിച്ചെങ്കിലും താമസസ്ഥല പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടതായും അപേക്ഷ നിരസിച്ചതായും ഹബീബ് പറയുന്നു. താൻ ബംഗ്ലാദേശ് പൗരനാണെന്നും എൻ.ആർ.സി വഴി രജിസ്റ്റർ ചെയ്യണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
എന്നാൽ, താൻ ജനനം മുതൽ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും കുടുംബത്തിന്റെ പഴയ രേഖകളും 2002-ലെ വോട്ടർ പട്ടിക ഉൾപ്പെടെയുള്ള രേഖകളും കൈവശമുണ്ടെന്നും ഹബീബ് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് രംഗത്തെത്തി. കുട്ടിയുടെ ജനന രജിസ്ട്രേഷൻ അവകാശം മാതാപിതാക്കളുടെ വോട്ടർ പട്ടികയിലെ പദവിയുമായി ബന്ധിപ്പിക്കാനാകില്ലെന്ന് സംഘടന വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് നിയമ നിവേദനം നൽകുമെന്നും അറിയിച്ചു.
ഹബീബ് യഥാർത്ഥ ഇന്ത്യൻ പൗരനാണെങ്കിൽ നിയമപരമായ നടപടികളിലൂടെ പ്രശ്നം പരിഹരിക്കാമെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. അതേസമയം, എസ്.ഐ.ആർ നടപടിയിലൂടെ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടിയുടെ ഭാഗമായി ഏകദേശം 91 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾ പരിഗണിക്കാൻ അപ്പലേറ്റ് ട്രൈബ്യൂണലുകൾ രൂപീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു. വോട്ടർ പട്ടിക പരിശോധനയിലൂടെ ഒരാളുടെ പൗരത്വം തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടർ പട്ടികയിലെ തർക്കം ഒരു പിഞ്ചുകുഞ്ഞിന്റെ ജനന രജിസ്ട്രേഷനെയും ബാധിച്ചെന്ന ആരോപണം പശ്ചിമ ബംഗാളിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.




