കോഴിക്കോട് എസ്എംഎ ബാധിതരായ മൂന്ന് സഹോദരന്മാരുടെ ചികിത്സയ്ക്കായി കേരളം കൈകോർത്തപ്പോൾ ധനസമാഹരണം 30 കോടി രൂപ പിന്നിട്ടു. ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരെ ചികിത്സയ്ക്ക് മുന്നോടിയായുള്ള രക്തപരിശോധനകൾക്കായി ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കല്ലുരുട്ടി പുത്തിരിച്ചാലിൽ അരുണിന്റെയും ഷാമിലിന്റെയും മക്കളാണ് മൂവരും. ചികിത്സയ്ക്കായി ഇനി 20 കോടിയോളം രൂപ കൂടി സമാഹരിക്കാനുണ്ട്. ധനസമാഹരണം അധികം വൈകാതെ 50 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
നാട്ടുകാർ രൂപീകരിച്ച ചികിത്സാ സഹായനിധിയുടെ നേതൃത്വത്തിൽ ബിരിയാണി, പായസം, ഐസ്ക്രീം ചലഞ്ചുകൾ, ഗാനമേളകൾ, സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാമ്പയിനുകൾ തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് പണം സമാഹരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സഹായവുമായി രംഗത്തുണ്ട്.
ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖയിലെ ചികിത്സാ സഹായനിധിയുടെ അക്കൗണ്ടിലേക്കാണ് സംഭാവനകൾ നൽകേണ്ടത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
- ബാങ്ക്: ഫെഡറൽ ബാങ്ക്
- ശാഖ: ഓമശ്ശേരി
- അക്കൗണ്ട് നമ്പർ: 21360100162505
- IFSC: FDRL0002136
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ. സിബിൻ കിളിയൻപറമ്പിൽ വൈസ് ചെയർമാനുമായാണ് ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നത്.
മൂന്ന് കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷ പകരാൻ നാടൊന്നാകെ കൈകോർക്കുമ്പോൾ, ലക്ഷ്യം 50 കോടി രൂപയുടെ ചികിത്സാ സഹായം.




