വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രിമാർക്ക് പുറമെ പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ദേശീയ നേതാക്കളും യുവാക്കളുമായി കൂടുതൽ സംവദിക്കാനുള്ള പദ്ധതികളുമായി രംഗത്തെത്തും.
യുവാക്കളുടെ പ്രശ്നങ്ങൾ പഠിക്കുകയും സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുകയും ലക്ഷ്യമിട്ട് നിതിൻ നബിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് ചേർന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ദേശീയ അധ്യക്ഷന് പുറമെ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഹർഷ് സംഘ്വി, ഒ.പി. ചൗധരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
യോഗത്തിന് പിന്നാലെ പുതിയ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകണമെന്ന് നിർദേശിച്ചതായാണ് വിവരം. യുവാക്കളുമായി സംവദിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
അതേസമയം, ന്യൂജൻ പ്രതിഷേധങ്ങളെ നേരിടുന്നതിൽ ഡൽഹി പൊലീസിനും കേന്ദ്ര ഏജൻസികൾ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രതിഷേധങ്ങളോട് ഉദ്യോഗസ്ഥർ ശാന്തത പാലിക്കണമെന്നും ക്യാമറകൾക്ക് മുന്നിൽ പ്രകോപിതരാകരുതെന്നുമാണ് നിർദേശം.
അതിനിടെ, ബിജെപിയുടെ ക്യാമ്പയിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ലാത്തൂരിലെ സ്കൂളിലെത്തിയ അഭിജിത് ദീപ്കെയ്ക്കെതിരെ പൊലീസ് കേസെടുത്തു. സർക്കാർ സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് നടപടി.
യുവാക്കളിലെ രാഷ്ട്രീയ സമീപനങ്ങളിൽ മാറ്റം പ്രകടമാകുന്ന സാഹചര്യത്തിൽ ബിജെപിയുടെ പുതിയ നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമാകുകയാണ്.




