തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത. ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റായേക്കും. ആർ. രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്കും നിർദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനമെന്നാണ് വിവരം.
എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം. വിജിൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായേക്കുമെന്നും സൂചനയുണ്ട്. സമ്മേളനത്തിൽ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ പാനൽ അവതരണം അല്പസമയത്തിനകം നടക്കും.
അതേസമയം, പത്തനംതിട്ട ജില്ലാ ട്രഷററെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഡ്വ. അമൽ എബ്രഹാമിനെ സംസ്ഥാന സമിതി പാനലിൽ ഉൾപ്പെടുത്തിയില്ല. കേന്ദ്ര കമ്മിറ്റി അംഗം ശ്യാമയെ സംസ്ഥാന സമിതി പാനലിൽ ഉൾപ്പെടുത്തി.
അതിനിടെ, ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള വിമർശനം ഇന്നും ശക്തമായി. സംഘടനയ്ക്കുള്ളിൽ സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റി വരെയായി വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് പ്രതിനിധികളുടെ വിമർശനം.
സംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ നേതാക്കൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനങ്ങൾ പോലും പുറത്തേക്ക് പോകുന്ന സാഹചര്യമുണ്ടെന്നും പ്രതിനിധികൾ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ കൂടുതൽ ശക്തമായ സമരസംഘടനയായി മാറണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉയർന്നു. സമരസംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പകരം പാലിയേറ്റീവ് കെയർ സംവിധാനമായി സംഘടന മാറുന്നുവെന്നാണ് വിമർശനം.
പുതിയ നേതൃത്വത്തെ വളർത്താനും നിലനിർത്താനും സംഘടനയ്ക്ക് കഴിയുന്നില്ലെന്നും പുതിയ കേഡർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. നേതാക്കൾ കൂടുതൽ ജനകീയരാകണമെന്നും സംഘടനയുടെ നല്ല പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയണമെന്നും നിർദേശമുയർന്നു.
ജില്ലാ, സംസ്ഥാന കമ്മിറ്റികളിലെ ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം പേരിന് മാത്രമാണെന്നും വിമർശനമുണ്ട്. സ്ത്രീപക്ഷ നിലപാടുകളും സർഗാത്മക പ്രവർത്തനങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനം ശക്തമാക്കി യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
എൽ.ജി.ബി.ടി.ക്യു. വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കുകയും ആ വിഭാഗത്തിൽ നിന്നുള്ളവരെ സംഘടനയിലേക്ക് കൂടുതൽ എത്തിക്കുകയും വേണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.




