തൃശൂർ: കേച്ചേരി തോളൂരിൽ ടെക്സ്റ്റയിൽ ഉടമയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. പറപ്പൂരിൽ ടെക്സ്റ്റയിൽ കട നടത്തുന്ന തോളൂർ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ പിൻവശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ബെഡ്റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണം കവർന്നത്. വീടിന്റെ പിൻവശം റെയിൽവേ ട്രാക്കായതിനാൽ ഈ ഭാഗത്ത് പൊതുജനശ്രദ്ധ കുറവാണെന്നും മോഷ്ടാവ് ഇതുവഴിയാകാം വീടിനുള്ളിൽ പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് ഷക്കീറിന്റെ ഭാര്യയും കുട്ടികളും തുണിക്കടയിലെ കച്ചവടത്തിൽ സഹായിക്കാനായി വീട്ടിൽനിന്ന് പോയിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ അലമാരകൾ തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മകളുടെ വിവാഹ ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
വീട്ടുകാർ എല്ലാവരും പുറത്തുപോയ സമയത്ത് ആസൂത്രിതമായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. വീട്ടുകാരെയും വീടിന്റെയും പരിസരത്തിന്റെയും കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാകാം മോഷണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വിവരമറിഞ്ഞ് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




