ഡെറാഡൂൺ: 10 ഇഞ്ച് നീളമുള്ള പിസ ഓർഡർ ചെയ്ത ഉപഭോക്താവിന് ഏഴ് ഇഞ്ച് പിസ നൽകിയ സംഭവത്തിൽ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കും പിഴ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഇരുകക്ഷികളും ചേർന്ന് 10,520 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
ജവാൽപൂർ സ്വദേശി രാജ് ട്രെഹനാണ് പരാതിക്കാരൻ. 2020 മാർച്ചിൽ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയിൽ നിന്ന് 505 രൂപയ്ക്ക് 10 ഇഞ്ച് പിസ ഓർഡർ ചെയ്തത്. M/s Bundle Technologies Pvt. Ltd. അഥവാ സ്വിഗ്ഗിയിലൂടെയായിരുന്നു ഓർഡർ.
എന്നാൽ ലഭിച്ച പിസയ്ക്ക് ഏഴ് ഇഞ്ച് മാത്രമാണ് നീളമുണ്ടായിരുന്നത്. പിഴവ് ബോധ്യപ്പെട്ടിട്ടും റീഫണ്ട് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് രാജ് നാഷണൽ കൺസ്യൂമർ ഹെൽപ് ലൈൻ വഴി പരാതി നൽകിയത്.
ഓർഡർ ചെയ്ത പിസയെക്കാൾ മൂന്ന് ഇഞ്ച് കുറഞ്ഞ പിസയാണ് വിതരണം ചെയ്തതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത് അനീതിപരമായ വ്യാപാര രീതിയും മോശം സേവനവുമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
നഷ്ടപരിഹാരത്തുകയായ 10,520 രൂപയിൽ പിസയുടെ വിലയായ 505 രൂപയും 15 രൂപ ഡെലിവറി ചാർജും ഉൾപ്പെടുന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് 5,000 രൂപയും നിയമനടപടികൾക്കായി ചെലവായ തുകയായി 5,000 രൂപയും നൽകണം.
കഫേയ്ക്കും ഉപഭോക്താവിനും ഇടയിലെ ഇടനിലക്കാരൻ മാത്രമാണ് തങ്ങളെന്നായിരുന്നു ഫുഡ് ഡെലിവറി ആപ്പിന്റെ വാദം. എന്നാൽ ഈ വാദം കമ്മീഷൻ തള്ളി.
വിധി വന്ന് 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 10 ശതമാനം പലിശയും നൽകേണ്ടിവരും.




