മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി.കെ.സി. അബ്ദുറഹിമാനോട് ആണ് വിശദീകരണം ചോദിച്ചത്.
സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക് അവമതിപ്പും പ്രവർത്തകർക്ക് പ്രയാസവും ഉണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രണ്ടുദിവസത്തിനകം മറുപടി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് സേവാഭാരതി ചെറുകാവ് യൂണിറ്റ് നടത്തിയ പരിപാടിയിലാണ് പി കെ സി അബ്ദുറഹിമാൻ പങ്കെടുത്തത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സേവാഭാരതി നടത്തിയ റോഡ് ശുചീകരണമാണ് മുസ്ലിം ലീഗ് നേതാവ് ഉദ്ഘാടനം ചെയ്തത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ പി.കെ.സി. അബ്‌ദുറഹിമാൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സേവാഭാരതി ചെറുകാവ് യൂണിറ്റ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ വലിയ വിവാദത്തിലേക്ക് വഴി തെളിച്ചു.




