തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവവും സങ്കീർണവുമായ ഇടുപ്പ് ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കുമുള്ള രക്തയോട്ടക്കുറവ് മൂലമുണ്ടായ അസ്ഥിനാശം ചികിത്സിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്.
മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗം മൂന്നാം ഘട്ടത്തിലും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടത്തിലുമായിരുന്നു. യുവാവായതിനാൽ ഇടുപ്പ് സന്ധി സംരക്ഷിക്കുകയും ഭാവിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുകയുമായിരുന്നു ചികിത്സയുടെ ലക്ഷ്യം.
ഇടത് ഇടുപ്പിൽ അസ്ഥിയിലെ മർദ്ദം കുറയ്ക്കുന്ന കോർ ഡീകംപ്രഷൻ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തക്കുഴലോടുകൂടിയ അസ്ഥിമാറ്റിവയ്ക്കൽ, അഥവാ ഫ്രീ വാസ്കുലറൈസ്ഡ് ഫിബുല ഗ്രാഫ്റ്റ്, നടത്തി. 12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽനിന്ന് രക്തക്കുഴലോടുകൂടിയ അസ്ഥിയുടെ ഒരു ഭാഗം എടുത്ത് രോഗബാധിതമായ ഇടുപ്പിലെ അസ്ഥിയിൽ സ്ഥാപിച്ചു. തുടർന്ന് സൂക്ഷ്മരക്തക്കുഴൽ ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനഃസ്ഥാപിച്ചു.
പ്ലാസ്റ്റിക് സർജറി, അസ്ഥിരോഗ വിഭാഗം, അനസ്തീഷ്യ വിഭാഗം എന്നിവയിലെ വിദഗ്ധർ സംയുക്തമായാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ പ്രൊഫ. കലേഷ്, ഡോ. റോഷ്ജോ, ഡോ. സുനീഷ് എന്നിവരും അസ്ഥിരോഗ വിഭാഗത്തിലെ പ്രൊഫ. മനോജ് എം.കെ.യുടെ നേതൃത്വത്തിലുള്ള ഡോ. ദിനീപ്, ഡോ. പ്രിജിത്ത്, ഡോ. അമൽ ജോസ് എന്നിവരും അനസ്തീഷ്യ വിഭാഗത്തിലെ പ്രൊഫ. അമ്മിണിക്കുട്ടി, ഡോ. ട്വിങ്കിൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിദഗ്ധ സർജൻമാരും അതിനൂതന സൗകര്യങ്ങളും ആവശ്യമായ ഈ ചികിത്സ രാജ്യത്തെ സ്വകാര്യ, കോർപ്പറേറ്റ് ആശുപത്രികളിൽ പോലും അപൂർവമായാണ് നടത്തുന്നത്. പരിമിതമായ വിഭവങ്ങൾക്കിടയിലും സർക്കാർ ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത് തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ ശ്രദ്ധേയമായ നേട്ടമായി. ആധുനിക ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് സർക്കാർ ആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്.




