ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ 74കാരനായ ശിവൻകുട്ടിയുടെ കൊലപാതകം 13 വയസുകാരിയുടെ ക്വട്ടേഷനെന്ന് പൊലീസ്. സംഭവത്തിൽ 13 വയസുകാരി ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായ മറ്റുള്ളവർ. ഇവരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ശിവൻകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തുണി കെട്ടിയ നിലയിലും കണ്ടെത്തി. ബെഡ്റൂമിലും ഹാളിലും മുളകുപൊടി വിതറിയിരുന്നു.
സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായാണ് 13കാരി സുഹൃത്തുക്കളെ ഏർപ്പാടാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുവാണ് പെൺകുട്ടി.
ശനിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ 13കാരിയെ വീഡിയോ കോളിലൂടെ കാണിച്ചതായും പൊലീസ് പറയുന്നു.
അന്വേഷണത്തിനൊടുവിലാണ് പൊലീസ് 13കാരിയിലേക്ക് എത്തിയത്. കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നാല് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കൗൺസിലിങ്ങിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.




