ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ മാതാവ് ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. നിലവിൽ കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ് പത്തൊൻപതുകാരിയായ അമ്മ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും തയ്യാറാകുന്നില്ലെന്നാണ് വിവരം.
അതേസമയം, രണ്ടുമാസത്തെ താൽക്കാലിക പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാൽ കുഞ്ഞിനെ തിരികെ വിട്ടുനൽകുമെന്നും സിഡബ്ല്യുസി അറിയിച്ചിട്ടുണ്ട്. താൻ ഗർഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി. സംഭവത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കടുത്ത വയറുവേദനയെ തുടർന്നാണ് പത്തൊൻപതുകാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രസവിച്ചയുടൻ പൊക്കിൾകൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
കുറ്റിക്കാട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ ഇടപെടൽ മൂലം കുഞ്ഞിന് ഉടൻ തന്നെ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. അമ്മയും കുഞ്ഞും ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ കുഞ്ഞിന്റെ കാര്യത്തിൽ സിഡബ്ല്യുസി അന്തിമ തീരുമാനമെടുക്കൂ.




