ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നു. ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ. അള്ളാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മ പുതുക്കലാണ് ഈ ദിനം.
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന ദൈവകൽപ്പനയ്ക്ക് മുന്നിൽ മനസ്സ് പതറാതെ നിന്ന ഇബ്രാഹിം നബിയുടെ അചഞ്ചലമായ ഭക്തിയെ നാഥൻ ചേടുത്തുപിടിച്ചതായാണ് വിശ്വാസം. ഈ ഓർമ്മപ്പെടുത്തലുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ ഒരുമിച്ചുകൂടുന്ന വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി രാവിലെ തന്നെ സംസ്ഥാനത്തെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു. പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെച്ചും, ദാനധർമ്മങ്ങൾ നിർവ്വഹിച്ചും വിശ്വാസികൾ ഈദ് ആഘോഷങ്ങൾ ലളിതവും മനോഹരവുമാക്കുന്നു.
എല്ലാ ഇ-ചാനൽ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ




