കേരളത്തിൽ പുതിയ ഭരണയുഗത്തിന് തുടക്കം. സംസ്ഥാനത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി.ഡി സതീശൻ്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് 20 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്ത് എത്തിയത്.
അനിശ്ചിതത്വങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കേരളത്തിൻ്റെ അമരക്കാരനായി വി.ഡി. സതീശൻ എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഗവർണർ രാജേന്ദ്ര അർലേക്കർ വി.ഡി സതീശന് മുൻപാകെ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്താണ് പുതിയ മുഖ്യമന്ത്രി ചുമതലയേറ്റത്.
മുഖ്യമന്ത്രിക്ക് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. കഴിഞ്ഞ 60 വർഷത്തിനിടയിൽ ഒരു മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സതീശന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തി.
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൻ്റെ ഭാഗമായി. പുതിയ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ സാമൂഹിക നേതാക്കളും മതമേലധ്യക്ഷന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. യുവാക്കൾക്കും വികസനത്തിനും മുൻഗണന നൽകുന്ന പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്ന ഉറപ്പിലാണ് വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ പ്രയാണം ആരംഭിക്കുന്നത്.




