കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന കാര്യത്തിൽ അവസാന നിമിഷവും നാടകീയ നീക്കങ്ങൾ തുടരുന്നു. നിർണ്ണായകമായ ഹൈക്കമാൻഡ് പ്രഖ്യാപനം വരാനിരിക്കെ, പ്രധാന അവകാശവാദികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഡൽഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ആകാംക്ഷ പടരുന്ന മണിക്കൂറുകളാണ് ഇപ്പോൾ കടന്നുപോകുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇപ്പോഴും ഡൽഹിയിലെ തന്റെ വസതിയിൽ തുടരുകയാണ്. രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടന്നപ്പോഴും കെ.സി ചർച്ചകളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. പ്രഖ്യാപനത്തിന് ശേഷം മാത്രമേ അദ്ദേഹം കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.
അതേസമയം, മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയായ വി.ഡി. സതീശൻ കൊച്ചിയിൽ നിന്നും റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും അദ്ദേഹത്തിനൊപ്പമുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വഴുതക്കാടുള്ള വസതിയിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.
മൂന്ന് ചേരികളുടെയും പ്രതീക്ഷകൾ ഇങ്ങനെ:
- കെ.സി വേണുഗോപാൽ പക്ഷം: ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും ഹൈക്കമാൻഡ് കെ.സിയെ തന്നെ നിശ്ചയിക്കുമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.
- വി.ഡി സതീശൻ പക്ഷം: ജനപിന്തുണയും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ താല്പര്യവും സതീശന് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
- രമേശ് ചെന്നിത്തല പക്ഷം: ഗ്രൂപ്പ് തർക്കങ്ങൾക്കിടയിൽ ഒരു സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ ചെന്നിത്തല വരുമെന്ന് ആർ.സി പക്ഷം കരുതുന്നു.
ഘടകകക്ഷികളെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ പേര് സൂക്ഷിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മാത്രമേ ആ ‘ഒറ്റപ്പേര്’ പുറത്തുവരൂ. ലീഗ് എം.എൽ.എമാർ ഉച്ചയ്ക്കത്തെ യോഗത്തിൽ അസൗകര്യം അറിയിച്ചിട്ടുള്ളതിനാൽ മുന്നണിയിലെ ചർച്ചകൾ ഇനിയും നീളാൻ സാധ്യതയുണ്ട്.




