ചെന്നൈ: തമിഴ്നാട് നിയമസഭാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടന്നു. പ്രോടെം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും ടി.വി.കെ (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ് ആണ് ആദ്യം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ടി.വി.കെ മന്ത്രിമാരും അധികാരമേറ്റു. ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിൻ, മുൻ പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി, മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരും സത്യവാചകം ചൊല്ലി.
നാളെ നടക്കാനിരിക്കുന്ന സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ നിർണ്ണായകമാണ്. അണ്ണാ ഡി.എം.കെയിൽ നിന്നു വലിയൊരു വിഭാഗം വിജയ്യുടെ ടി.വി.കെയെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നതായാണ് സൂചന. സി.വി ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 30-ഓളം എം.എൽ.എമാർ ടി.വി.കെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തേക്കും. അങ്ങനെ സംഭവിച്ചാൽ ഭരണപക്ഷ സ്ഥാനാർത്ഥിക്ക് 150 വോട്ടുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വിജയ്യും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം റീലുകൾ തടഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. റീലുകൾ ബ്ലോക്ക് ചെയ്തതിൽ തങ്ങൾക്ക് പങ്കില്ലെന്നും കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.




