തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ സി. ജോസഫ് വിജയ് നിയമസഭാംഗത്വം രാജിവെച്ചു. താൻ മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റാണ് വിജയ് ഒഴിഞ്ഞത്. ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഈ നിർണ്ണായക നീക്കം.
തമിഴകം കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ യാഥാർത്ഥ്യമായിരിക്കുന്നു. തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ഇനി തമിഴ്‌നാടിന്റെ ഭരണത്തലവൻ. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സാക്ഷിയാക്കിയാണ് സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വിജയ് തന്റെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയിച്ച സാഹചര്യത്തിലാണിത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ 14 ദിവസത്തിനുള്ളിൽ ഒരു സീറ്റ് രാജിവെക്കണമെന്ന നിയമം പാലിച്ചുകൊണ്ടാണ് നടപടി. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് ഗവർണർക്ക് കൈമാറിയത്. ഇതോടെ പെരമ്പൂർ മണ്ഡലത്തെ വിജയ് നിയമസഭയിൽ പ്രതിനിധീകരിക്കും.
വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുച്ചിറപ്പള്ളിയിൽ വിജയ്ക്ക് പകരം ആര് മത്സരിക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ.




