സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് പി.എ. മുഹമ്മദ് റിയാസ്. തന്റെ മണ്ഡലമായ ബേപ്പൂരിൽ കഴിഞ്ഞ തവണത്തെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് മികച്ച വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബേപ്പൂരിൽ ഇത്തവണ 82,000-ത്തിലധികം വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ അനുകൂല തരംഗമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽ.ഡി.എഫ് പ്രതീക്ഷകൾക്കിടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.
അതേസമയം, മലപ്പുറത്ത് സ്ട്രോങ്ങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. കാരണം വ്യക്തമാക്കാതെയാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ തടഞ്ഞത്. സ്ട്രോങ്ങ് റൂമുകൾ നേരത്തെ തുറന്നുവെന്ന യു.ഡി.എഫിന്റെ ആക്ഷേപം നിലനിൽക്കെയാണ് പുതിയ നടപടി. ഇത് വരും മണിക്കൂറുകളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
കൃത്യം എട്ടുമണിക്ക് തന്നെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഉച്ചയോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും വ്യക്തമാകും.
ഫലങ്ങൾ തത്സമയം അറിയാൻ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ആസ്ഥാനങ്ങളിൽ വലിയ എൽ.ഇ.ഡി സ്ക്രീനുകൾ ഉൾപ്പെടെ ഒരുക്കി കാത്തിരിക്കുകയാണ്. കേരളത്തിന്റെ വിധി ആർക്കൊപ്പം എന്ന് അറിയാൻ ഇനി മിനിറ്റുകൾ മാത്രം.




