വാൽപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കാനും ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കും. അപകടത്തിൽ മരിച്ച അധ്യാപകർക്ക് നിലവിൽ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇവരുടെ ഇൻഷുറൻസ് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പരിക്കേറ്റ മുഹമ്മദ് ഷഹാദിൻ, മസ്നീൻ, ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുത്തു. ഇൻഷുറൻസ് ഉള്ളവർക്ക് അധികമായി ചികിത്സാ ചിലവ് വന്നിട്ടുണ്ടെങ്കിൽ അതും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ശമ്പള പരിഷ്കരണ കമ്മീഷൻ സ്റ്റാഫ് നിയമനങ്ങൾക്കും ഇന്നത്തെ യോഗം അംഗീകാരം നൽകി.
മറ്റന്നാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നടന്ന യോഗത്തിൽ മത്സരിച്ച മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നു. വോട്ടെണ്ണലിനായി സംസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ഡിജിപിയും അറിയിച്ചു. എൽഡിഎഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഫ്ലക്സ് യുദ്ധം മുറുകുന്നത് യുഡിഎഫ് ക്യാമ്പിൽ ചർച്ചയായിട്ടുണ്ട്.




