കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയെ നടുക്കി വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ. ബി.ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനി ദർശനയെയാണ് വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ കുസാറ്റിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ എൻജിനീയറിങ് വിദ്യാർത്ഥിനിയാണിത്.
സൗത്ത് പുതുവൈപ്പ് സ്വദേശി സുദർശന്റെ മകൾ കെ.എസ് ദർശനയാണ് (21) മരിച്ചത്. ഹിദായത്ത് നഗറിലെ വാടക മുറിയിലായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്ക് ദർശന എത്തിയിരുന്നില്ല. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന സുഹൃത്ത് മുറിയിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ദർശനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷകൾക്കായി ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനെന്നു പറഞ്ഞാണ് ഒരാഴ്ച മുൻപ് ദർശന വീട്ടിൽ നിന്നിറങ്ങിയത്. ദർശനയ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സർവകലാശാലയിൽ വിദ്യാർത്ഥിനികളുടെ തുടർച്ചയായ ആത്മഹത്യകൾ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഏപ്രിൽ 22-ന് ബി.ടെക് ഇലക്ട്രിക്കൽ വിദ്യാർത്ഥിനി ധനുഷിനെയും സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കുസാറ്റ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ചർച്ച ചെയ്യാൻ സർവകലാശാലയിൽ പ്രത്യേക ആലോചനാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)




