മലപ്പുറം പരപ്പനങ്ങാടിയിൽ ബന്ധുക്കളായ പെൺകുട്ടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. കൊടക്കാട് സ്വദേശി നിതിൻ മോഹൻദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. സ്വന്തം ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ചിത്രങ്ങൾ വരെ പ്രതി ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.
അതിക്രൂരമായ ഡിജിറ്റൽ വേട്ടയുടെ വിവരങ്ങളാണ് പരപ്പനങ്ങാടിയിൽ നിന്ന് പുറത്തുവരുന്നത്. അഞ്ച് വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ 40 വയസ്സു പ്രായമുള്ളവരുടെ വരെ ചിത്രങ്ങൾ നിതിൻ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. അടുപ്പക്കാരായ പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചായിരുന്നു ഇയാളുടെ ക്രൂരത.
ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിൽപന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. നിതിൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് തന്നെയാണ് ഈ കുറ്റകൃത്യം നടന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. ടെലഗ്രാമിൽ നിന്ന് ലഭിച്ച നിർണ്ണായക തെളിവുകളാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയുടെ ടെലഗ്രാം ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്തെ നടുക്കിയ ഈ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




