തൃശ്ശൂർ കടകശ്ശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കടകശ്ശേരി സ്വദേശിനി 70 വയസ്സുകാരി സഫിയയെയാണ് ഇന്നലെ രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഫിയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതാണ് മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തിന് ബലം നൽകുന്നത്.
മകൾക്കൊപ്പം താമസിച്ചിരുന്ന സഫിയ ഇന്നലെ വീട്ടിൽ തനിച്ചായിരുന്നു. മകൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയ സാഹചര്യത്തിൽ സഫിയ ബന്ധുവീട്ടിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ രാത്രിയായിട്ടും സഫിയ എത്താതായതോടെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്ന് രക്തം ഒലിച്ച നിലയിലായിരുന്നു മൃതദേഹം. കൂടാതെ ശരീരത്തിൽ പലയിടത്തും മുറിവുകളുമുണ്ട്.
സഫിയ സ്ഥിരമായി ധരിക്കാറുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്‌ടാക്കൾ വയോധികയെ അപായപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കടകശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.




