കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ പ്രതിസന്ധിയിലാക്കിയ ബാങ്ക് ജപ്തി ഭീഷണിക്ക് പരിഹാരമായി. മുനീറിന്റെ പേരിലുള്ള 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് നേതൃത്വം നേരിട്ട് ഇടപെട്ട് തീർത്തു. ഇതോടെ മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ചെയ്യുന്ന നടപടികൾ ഒഴിവാകും.
കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നം പാർട്ടി ഏറ്റെടുക്കുമെന്നും ജപ്തി നടപടികൾ തടയാൻ ആവശ്യമായ തുക നൽകുമെന്നും അവർ ഉറപ്പുനൽകി. ഇതിന് പിന്നാലെയാണ് കുടിശ്ശിക തുക ബാങ്കിൽ അടച്ചത്.
വായ്പയും പ്രതിസന്ധിയും:
വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 35 ലക്ഷം രൂപയാണ് മുനീർ വായ്പ എടുത്തിരുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ബാധ്യത 58 ലക്ഷം രൂപയായി ഉയർന്നു. ബാങ്ക് പലതവണ നോട്ടീസ് അയക്കുകയും ജപ്തി നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വിഷയം ചർച്ചയായത്. ഒടുവിൽ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് ബാങ്ക് ഇളവ് നൽകുകയും കുടിശ്ശിക 49 ലക്ഷമായി നിശ്ചയിക്കുകയുമായിരുന്നു. ഈ തുകയാണ് ഇപ്പോൾ പാർട്ടി നൽകിയത്.
‘പാർട്ടിയാണ് എനിക്ക് തണൽ’ – എം.കെ മുനീർ:
പാർട്ടി നൽകിയ പിന്തുണയിൽ വികാരാധീനനായാണ് എം.കെ മുനീർ പ്രതികരിച്ചത്. “പാർട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ ആരോടും ഒന്നും പറയാതിരുന്നത്. എന്നാൽ പിതാവിന് ശേഷം എന്നെ എപ്പോഴും സംരക്ഷിച്ചിട്ടുള്ളത് പാർട്ടിയാണ്. എംഎൽഎയായും മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയതും പാർട്ടിയാണ്. പ്രയാസപ്പെടേണ്ട എന്ന് പാർട്ടി പറഞ്ഞപ്പോൾ തന്നെ വലിയ ആശ്വാസമായി,” അദ്ദേഹം പറഞ്ഞു.
മാർച്ച് 31-നകം തുക അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലീഗ് നേതൃത്വത്തിന്റെ നിർണ്ണായക ഇടപെടൽ ഉണ്ടായത്.




