മലപ്പുറം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാര്‍ട്ടിക്കാരന്‍ എന്ന നിലയ്ക്കുളള വികാരം മാത്രമാണ് പ്രകടിപ്പിച്ചതെന്നും ആശയപരമായി താന്‍ ലീഗുകാരനാണെന്നും രണ്ടത്താണി പറഞ്ഞു. ഇന്നുവരെ പാര്‍ട്ടിയുടെ ട്രാക്ക് തെറ്റിപ്പോയിട്ടുളള ആളല്ലെന്നും തന്റെ കഴിഞ്ഞ കാല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടി തീരുമാനങ്ങളെ അവഗണിക്കുകയല്ല ചെയ്തത്. ഞാന്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. എന്റെ നേതാക്കന്മാരെ ഞാന്‍ എപ്പോഴും ബന്ധപ്പെടുന്നതല്ലേ. ആദരണനീയനായ തങ്ങളെ ഞാന്‍ പോയി കണ്ടല്ലോ. അദ്ദേഹം പറഞ്ഞ നിലപാട് തന്നെയുളളു. മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്. ഞങ്ങളെപ്പോലുളള യുവാക്കളൊക്കെ കടന്നുവന്നത് മുഹമ്മദ് അലി ഷിഹാബ് തങ്ങളുടെ കാലത്താണ്. മുനീര്‍ സാഹിബും സി മമ്മൂട്ടി സാഹിബും ഞാനുമൊക്കെ അപ്പോഴാണ് വന്നത്. മുഹമ്മദലി തങ്ങളാണ് യുവാക്കള്‍ക്ക് പ്രാധാന്യം കൊടുത്തുളള നീക്കം ആരംഭിച്ചത്. അതേ പാത ഇവിടെയും പിന്തുടരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയാണ് നിങ്ങള്‍ ചെയ്തത്’: അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു.
സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം നടക്കുന്നുണ്ടായിരുന്നു. അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർത്ഥിയാക്കാനാണ് എൽഡിഎഫ് നീക്കം നടത്തുന്നത് . ഇടത് നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തിയിരുന്നു. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളിൽ താല്പര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നൽകാനുമാണ് സിപിഐഎമ്മിന്‍റെ നീക്കം.
മുസ്‌ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തുവന്നിരുന്നു. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം.




