നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകള്‍ അടക്കം ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകള്‍ പിന്തുണ കാണിച്ചില്ലെന്നന്നതും ശ്രദ്ധേയമാണ്.
2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകളാണ്, 2021ല്‍ എത്തിയപ്പോള്‍ 3600 വോട്ടുകള്‍ കുറഞ്ഞ് 8595 ആയി. ആ വോട്ടിംഗ് നിലയില്‍ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപിയുടെ വലിയ ആശ്വാസം. 8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തില്‍ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളില്‍ എത്താന്‍ പോലും വിയര്‍ത്തു. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണില്‍ പാളി.
മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാര്‍ത്തോമ സഭാംഗമായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ കണക്കുകൂട്ടല്‍ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം 2021ല്‍ ലഭിച്ച അത്ര വോട്ടുകള്‍ കിട്ടാത്തത് ഇതിനുദാഹരണമാണ്.
പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകള്‍ കാര്യമായ ശിഥിലമായില്ല. അടിസ്ഥാന വോട്ടുകള്‍ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. തെല്ലാശ്വാസമല്ല വരും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നല്‍കുന്നത്. പക്ഷേ വോട്ട് ഉയര്‍ത്താന്‍ നിലവിലുള്ള സ്ട്രടെജികള്‍ പോരായെന്നതും വ്യക്തമാണ്. ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം പാളിച്ച പറ്റിയോയെന്ന് വരും ദിവസങ്ങളില്‍ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തില്‍ ബിജെപി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങള്‍ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്.
രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ വോട്ട് ബാങ്കില്‍ വലിയ കോട്ടമുണ്ടക്കാത്തത് നേരെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ അദ്ദേഹത്തെ സഹായിക്കും. പക്ഷെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായി കണക്കാക്കിയ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് നില ഉയര്‍ത്താന്‍ ആകാത്തതില്‍ ചോദ്യങ്ങളും ഉയരും. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം ഉണ്ടാക്കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും ഇനിയും ഏറെ പണിയെടുക്കണമെന്ന കാര്യത്തില്‍ സംശയമില്ല.




