താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കോഴിക്കോട് സെഷന്‍സ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ഷഹബാസിന്റെ കുടുംബം തടസവാദം ഉന്നയിക്കും.
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന്‍ വാദിച്ചിരുന്നു. നാല് അഭിഭാഷകരാണ് കേസില്‍ പ്രതികളായ 6 പേര്‍ക്ക് വേണ്ടി കേസ് വാദിച്ചത്. അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദങ്ങളെയെല്ലാം തള്ളുകയായിരുന്നു.
ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.