മലപ്പുറം: ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രാദേശിക നേതൃത്വം. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്ന് കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. ലീഗിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും ഇതുവരെയും അദ്ദേഹത്തെ കണ്ടിട്ടില്ല. ചാനലുകളില്‍ ഫോട്ടോ വന്നപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരാളെ കണ്ടത്. മുസ്ലിം ലീഗിലോ യൂത്ത് ലീഗിലോ പോഷക സംഘടനകളിലോ ഇതുവരെ ഇങ്ങനെയൊരാളെ കണ്ടിട്ടില്ല. ഇന്ന് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് കരുതുന്നതായി കോട്ടക്കല്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സാജിദ് മാങ്ങാട്ടിലും പറഞ്ഞു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് പിഎംഎ സലാം. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിതെന്നും സലാം പറഞ്ഞു.